ഒന്നു വെറുതേ.......

Friday, September 15, 2006

വെറുതേ ഒരു കുറിപ്പ്

എന്നുമെന്നപോലെ എന്തിനെന്നറിയാത്ത അലക്ഷ്യയാത്രകളിലൊന്നില്‍ ഏതോ ഇടനാഴിയില്‍ നിന്നുമീ നാല്‍ക്കവലയിലേക്ക് ഞാനെടുത്തെറിയപ്പെടുകയായിരുന്നു.

ഇവിടെ ഈ നാല്‍ക്കവലയില്‍ കോട്ടകള്‍ , കൊട്ടാരങ്ങള്‍ , കൊത്തളങ്ങള്‍ . അവിടെ അലങ്കാരങ്ങള്‍ അടയാളങ്ങള്‍ , നക്ഷത്രങ്ങള്‍ , കിന്നരികള്‍ . അരങ്ങുകളിലും അണിയറകളിലും ശബ്ദരഹിതമെങ്കിലും ഹര്‍ഷാരവങ്ങള്‍ , തേങ്ങലുകള്‍ സ്വാന്ത്വനങ്ങള്‍ , വിഹ്വലതകള്‍ , കുറ്റപ്പെടുത്തലുകള്‍ , പോര്‍വിളികള്‍ ഒത്തുതീര്‍പ്പുകള്‍ .

പണ്ടെന്നോ മുതലിവിടെയുണ്ടായിരുന്നുവോ ഞാന്‍ ? അതോ ഏതോ ജന്മാന്തരങ്ങളില്‍ ഞാനിവിടെ സൌഹ്രദവും സ്വാന്ത്വനവും പങ്കുവെച്ചിരുന്നുവോ?

പുറത്ത് മഴപെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ഞാനീ ഒറ്റക്കാളവണ്ടിയുടെ കിളിവാതിലിലൂടെ കാഴ്ചകള്‍ കണ്ടിരിക്കവേ ദിപ്തമായ നീലവെളിച്ചം നീന്തിക്കടന്നു നീ വന്നു. എങ്ങുനിന്നെറിയാത്ത എത്രയോ ഊടുവഴികള്‍ വന്നുചേരുകയും എവിടേക്കെന്നറിയാതെ പിരിഞ്ഞു പലതായിപ്പൊവുകയും ചെയ്യുന്ന ഈ നാല്‍ക്കവലയിലേക്ക് .

ചിത്രശലഭം പച്ചകുത്തിയ ഇടതുകൈ ഉയര്‍ത്തിവീശി മറ്റൊരു യാത്രികനും പ്രദര്‍‌ശ്ശിപ്പിക്കാത്ത വേഷചിഹ്നങ്ങളില്‍ നീ കടന്നുവന്നപ്പോള്‍ പാതിതുറന്ന വാതില്‍പ്പഴുതിലൂടെ നിന്നെ പിന്തുടര്‍ന്ന കണ്ണുകള്‍ ഏറേയാ‍യിരുന്നു. യാത്രികര്‍ പലരും പലവട്ടം കടന്നുപോവുന്ന ഈ എണ്ണമില്ലാക്കൂട്ടപ്പെരുവഴിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഭാവഹാവാദികളോടെ, വേഷഭൂ‍ഷാദികളോടെ നീയിറങ്ങിനിന്നപ്പോള്‍ തെല്ലിട ഇവിടം മൌനത്തിന്റെ നിറസ്ഥലികളായി. ഹാരീ പോട്ടര്‍ കഥകളിലെപ്പോലെ “ആരെന്നു നമുക്കറിയുന്നവനെ” പേരു ചൊല്ലിവിളിച്ചുകൊണ്ടൂ ക്ഥാപാത്രങ്ങളെയും കാണികളെയും ഞെട്ടിച്ചു നീ .

നീ ചിരിച്ചു. കണ്ണിറുക്കി. കവലയിലെ നിന്റെ ചുമര്‍ച്ചിത്രങ്ങള്‍ക്ക് ചുറ്റും കാണികള്‍ കൂടി. കാണികള്‍ കഥാപാത്രങ്ങളും, കഥാപാത്രങ്ങള്‍ കാണികളുമായി വേഷപ്പകര്‍ച്ച ചെയ്യുന്ന നാടകങ്ങളില്‍ പിന്നെ നീയും അരങ്ങിലെത്തി. കൊണ്ടും കൊടുത്തും സൌഹ്രദങ്ങള്‍ പൂ‍ത്തുലഞ്ഞ ഈ ഇടനാഴികകളില്‍ നീയും അതിലൊരാളായി. പക്ഷെ, പിന്നെയൊരുനാള്‍ ഇവിടുത്തെ ചൊല്‍കാഴ്ച്കകളിലെ അവതാളങ്ങള്‍ നിന്നെ വേദനിപ്പിച്ചുവോ? ചൊടിപ്പിച്ചുവോ?

എന്തിന്?

ആരുടെയൊക്കെയോ ആരോ ആണെന്ന് ഉള്ളാലേ നാം അഹന്തകൊള്ളുന്നു. ആരൊക്കെയോ നമ്മെച്ചൊല്ലി കണ്ണീരൊഴുക്കണമെന്ന് നാം വ്യാമോഹിക്കുന്നു. ഒരാളുടെ അഭാവം അറിയാന്‍ മാത്രം വലുതായ ഒന്നായിരിക്കില്ല എന്ന അറിവ് നമ്മെ വ്യാകുലപ്പെടുത്തുന്നു. നാട്യങ്ങളില്ലാത്തിടത്ത് നാം നാട്യങ്ങളുടെ ബിരുദങ്ങളില്‍ അഹങ്കരിക്കുന്നു. അബോധമനസ്സിന്റെ കാമനകളുടെ ഈ നൈരന്തര്യങ്ങളെ നിരാകരിക്കാന്‍ ഇതൊന്നുമില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

ഒറ്റക്കിരുന്ന് സംസാരിക്കുകയെന്നത് എന്റെയൊരു ശീലമാണ്. പക്ഷെ അപ്പൊഴും ഞാനാരോടെങ്കിലുമായിരിക്കും സംസാരിക്കുന്നത്. മുന്നിലില്ലാത്ത ആരോടെങ്കിലും. അവിടെ ആരും വരുന്നില്ല സ്വകാര്യത വലിച്ചുകീറാന്‍ . എന്നാലോ ഞാനെന്റെ മനസ്സിനോട് മാത്രമായല്ല സംവദിക്കുന്നത്. അവിടെ കഥാപാത്രങ്ങള്‍ ഹിതകരമായതോ, പ്രതിരോധിക്കാന്‍ എളുപ്പമായതോ ആയ രീതിയില്‍ മാത്രം പ്രതികരിക്കുന്നു. കഥാപാത്രങ്ങളെല്ലാം ഞാന്‍ കരുതിയ മനോചര്യകളുമായി ഞാന്‍ തീര്‍ത്ത വഴികളില്ലൂടെ മാത്രം നടന്നു പോവും കഥ എഴുതുന്നത് ഞാനെങ്കില്‍ ‍. എന്നാല്‍ കഥ പ്രസിദ്ധീകരിക്കുന്നതോടെ കഥാപാത്രങ്ങളെയും കൊണ്ട് വായനക്കാരന്‍ നടന്നകലുന്നു. ജനിച്ച മുതലേ ഓമനിച്ച് വളര്‍ത്തിയ കന്നിനെ വിലക്ക് വാങ്ങിയ കന്നുകച്ചവടക്കാരന്‍ തെളിച്ച് കൊണ്ടൂപോകുന്നത് നോക്കിനില്‍ക്കുന്ന കര്‍ഷകനെപ്പോലെ - ആ യാത്ര അറവുശാലയിലേക്കോ, പച്ചപ്പുള്ള മറ്റൊരു മേച്ചില്‍പ്പുറത്തേക്കോ ആ‍വാം. രണ്ടായാലും ഞാന്‍ നിസ്സഹായന്‍ .

അന്ന് നീ കോറിയിട്ട ചുവരെഴുത്തുകള്‍ നിന്നോടിങ്ങിനെ കലഹിക്കുവാന്‍ പറഞ്ഞിരുന്നു. കവലയിലെ പെട്ടെന്നത്തെ ആരവങ്ങളൊടുങ്ങട്ടെയെന്ന് ഞാന്‍ കാത്തിരുന്നു. നീ വീണ്ടും പുതിയ ചുവര്‍ച്ചിത്രങ്ങളുമായി വരുമെന്ന് വ്ര്‌ഥാ മോഹിച്ചു. ഇടംകൈയ്യിലെ പച്ചകുത്തലോ, വെള്ളിയാംങ്കല്ലിലെ തുമ്പികളോ, എന്നില്‍ പ്രത്യേകിച്ച് ഒരിളക്കവും സ്ര്‌ഷ്‌ടിച്ചിരുന്നില്ലെന്ന് ഞാനാദ്യമേ നിന്നോട് പറഞ്ഞിരുന്നുവല്ലോ. സംവേദനം സാദ്ധ്യമാകുന്ന മനസ്സുകളുടെ അകലമില്ലായ്മയായിരിക്കാം നിന്നോട് കലഹിക്കണമെന്ന് തോന്നാന്‍ കാരണം. നാലുകൊല്ലം ഒരേ മുറിയില്‍ അപരിചിതരായി ജീവിക്കാന്‍ കഴിഞ്ഞു എനിക്ക് മറ്റൊരു മനുഷ്യനോടോപ്പം. ഒരിക്കലും കലഹിച്ചില്ല, പരാതിയോ, പരിഭവമോ ഉണ്ടായില്ല ആ രണ്ട് സഹമുറിയന്മാര്‍ക്കിടയില്‍ .

ഈ നാല്‍ക്കവലയിലെ ആരവങ്ങളിലൊരാളാവാന്‍ നിനക്കാവില്ലെന്ന് യാത്രാമൊഴി ചൊല്ലി ഏതോ ഊടുവഴികളിലൂടെ നടന്നകലുമ്പോഴും, നിന്റെ വര്‍‌ണ്ണങ്ങള്‍ ഏതെങ്കിലുമൊരു ചുവരില്‍ കോറിയിടാതിരിക്കില്ലെന്ന് കരുതി. നീയങ്ങിനെ പറയുകയും ചെയ്തിരുന്നു.ഒരു പക്ഷെ നിന്റെ ചിത്രശലഭം മുട്ടയിട്ട് വളര്‍ത്തിയ പുതിയ പട്ടുനൂലിനാലേ നിന്റെ വിരലുകള്‍ കെട്ടിയിട്ടുണ്ടാവാം. അല്ലെങ്കിലാ ചിത്രശലഭം നിന്നില്‍ നിന്നേ പറന്നുപോയിരിക്കാം. ‘രണ്ട് നിശ്ശബ്ദതകളുടെ നടുക്ക് സംഭവിക്കുന്ന അനാവശ്യമായ ഒരു അസ്വാസ്ഥ്യമാണ് ജീവിതം‘ എന്നാരൊ പറഞ്ഞിരുന്നുവോ? നിന്റെ നിശ്സബ്ദതയുടെ താളമെന്താണ്?

ഇപ്പൊഴീ കുറിപ്പെഴുതുന്നതെന്തിനെന്നും എനിക്ക് നിശ്ചയം പോരാ. കത്തുകളെഴുതുക എന്നത് കുട്ടിയായിരിക്കുമ്പൊഴേ ഒരു ദുശ്ശീലമായിരുന്നു. ഇതു പോലെ എന്തെന്നെനിക്കും വലിയ നിശ്ചയമില്ലാതിരുന്ന കുറെ കത്തുകള്‍ .