ഒന്നു വെറുതേ.......

Friday, July 21, 2006

ഭര്‍ത്താവിന്റെ ആരോഗ്യം



കല്ല്യാണം കഴിഞ്ഞതിന്‌ ശേഷം ആദ്യത്തെ തിരുവാതിരയായിരുന്നു അത്‌. ദൈവവിശ്വാസിയാണെങ്കിലും, ശയനപ്രദക്ഷിണം, ഉണ്ണാവൃതം മുതലായ കഠിന പ്രാര്‍ത്ഥനകളൊന്നും നേര്‍ച്ച പറയാറില്ല. വല്ല ഒരു രൂപയോ, രണ്ടു രൂപയോ ഭണ്ഡാരത്തിലിടാമെന്നോ മറ്റൊ ഈസ്സിയായ വല്ല നേര്‍ച്ചകളും പറഞ്ഞാല്‍ തന്നെ കാര്യം നടന്നാല്‍ പിന്നെ അടുത്ത തവണ എന്തെങ്കിലും ആവശ്യം നടക്കാനുള്ളപ്പൊള്‍ രണ്ടും കൂടി ഒന്നിച്ച്‌ കൊടുക്കാമെന്ന് മാന്യമായി കടം പറയും. പിന്നെത്തെ തവണയാവുമ്പോഴേക്കും പഴയ കടങ്ങള്‍ എത്രയുണ്ടെന്ന് ഒര്‍മ്മയില്ലാത്തത്‌ കൊണ്ട്‌ നല്ല ഒാര്‍മ്മശക്തി ഉണ്ടാവണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും.

എന്നാലെന്റെ ശ്രീമതി ഒരു കടുത്ത വിശ്വാസിയാണ്‌. ഞങ്ങളുടെ കല്ല്യാണം നടന്നാല്‍ (ഒരു ഹൈ ടെന്‍ഷന്‍ ലൈനായിരുന്നു ) ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്താമെന്ന് പുള്ളിക്കാരി നേര്‍ച്ചയിട്ടിരുന്നു. ഗുരുവായൂരില്‍ സ്ത്രീകളെ ശയനപ്രദക്ഷിണം നടത്താന്‍ അനുവദിക്കുകയില്ലെന്നും, വീട്ടിനടുത്തുള്ള ശിവന്റെ അമ്പലത്തില്‍ ആവാമെന്നും പറഞ്ഞതിനാണ്‌ അവളെന്നെ ആദ്യമായി വഴക്കുപറഞ്ഞത്‌. ഗുരുവായൂരപ്പന്റെ നേര്‍ച്ച ഗുരുവായൂരപ്പനു തന്നെ കൊടുക്കണമെന്നും, അവള്‍ക്ക്‌ പകരം ഞാന്‍ ശയനപ്രദക്ഷിണം നടത്തിയാല്‍ മതിയെന്ന് പ്രതിവിധി കണ്ടെത്തിയതും അവള്‍ തന്നെ. (ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ)

തിരുവാതിര വരുന്നതിനും വളരെ മുന്‍പെ പറഞ്ഞു തുടങ്ങിയതാണ്‌ അവളുടെ തറാവാട്ടിലെ തിരുവാതിര വിശേഷങ്ങള്‍. തിരുവാതിരവിളക്ക്‌, കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂച്ചൂടല്‍ അങ്ങിനെ, അങ്ങിനെ... ഇതൊന്നും എന്റെ നാട്ടിലില്ലോ എന്ന് ഒരല്‍പ്പം പരിഹാസത്തോടെ അവള്‍ ഖേദിച്ചു. എങ്കിലും എന്തായാലും നോമ്പെടുക്കണം എന്നവള്‍ ഉറപ്പിച്ചു.
"ഞാന്‍ നോമ്പെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കാണതിന്റെ ദോഷം".
"നീ പട്ടിണികിടന്നും, ഉറക്കൊഴിച്ചും എനിക്കായി കഷ്ടപ്പെടരുത്‌ മോളെ" ഞാന്‍.
"ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഭാര്യമാര്‍ ഇത്തിരി കഷ്ടപ്പെട്ടാലെന്താ?" അവളുടെ ന്യായം ശരിയെന്നെനിക്കും തോന്നി.

അങ്ങിനെ തിരുവാതിര വന്നു. അരി ഭക്ഷണം പാടില്ലാത്തത്‌ കൊണ്ട്‌ ചെറുപയര്‍ പുഴുങ്ങിയയതും, വറുത്ത കായ, ഈത്തപ്പഴം, തേങ്ങാപ്പൂള്‌ ഇത്യാദികള്‍ രാവിലെതന്നെ തയാറാക്കി വെച്ചു. കൈകൊട്ടിക്കളിയും, ഊഞ്ഞാലാട്ടവുമൊന്നും ഇല്ലാത്തതിനാല്‍ മോഹന്‍ലാലിന്റെ (അവളുടെ ഇഷ്ടതാരം) മൂന്ന് നാല്‌ സിഡികള്‍ കരുതി. ചിട്ടവട്ടങ്ങള്‍ കഴിവതും അവളുടെ തൃപ്തിക്കൊപ്പിച്ച്‌ ഒരുക്കിയെടുത്തു. എന്റെ ആരോഗ്യത്തിനാണല്ലോ അവള്‍ കഷ്ടപ്പെട്ട്‌ നോമ്പെടുക്കുന്നത്‌.
സന്ധ്യക്ക്‌ മുറ്റം നിറയെ തിരിവിളക്കു കത്തിച്ചു.

രാത്രി ഒരു 12 മണിയാവും മുന്‍പെ മോഹന്‍ലാലിന്റെ സിഡികളൊക്കെ കണ്ടുകഴിഞ്ഞു. എനിക്കു കുറേശ്ശ ഉറക്കം വന്നു തുടങ്ങിയെങ്കിലും പിടിച്ചിരിക്കുമ്പോള്‍ ഞാന്‍ കരുതി അവളിപ്പൊ പറയും "ചേട്ടനുറങ്ങിക്കോ. ഉറക്കൊഴിച്ച്‌ അസുഖമൊന്നും വരുത്തണ്ടാ".
പക്ഷെ ഒന്ന് മുഖം കഴുകി തിരിച്ചുവന്നിട്ടവള്‍ പറഞ്ഞു
" ചേട്ടാ ഒന്നെന്റെ കാലു തിരുമ്മിത്തരുവൊ? വല്ലാതെ കഴക്കുന്നു. ഒറക്കോം വരുന്നല്ലൊ. നിങ്ങള്‍ക്കെന്തോ ദോഷം വരാനുണ്ട്‌. അതോണ്ടാ ഇങ്ങനെ ഒറക്കം വരുന്നത്‌."
എനിക്ക്‌ വേണ്ടി കഷ്ടപ്പെടുന്ന അവളെ നോക്കി ഞാന്‍ പറഞ്ഞു
" മോളൂ, ഒറക്കം വരുന്നുണ്ടെങ്കിലൊറങ്ങാം. നമുക്കടുത്ത തവണ നോമ്പെടുക്കാം"
"എന്താ ഇത്ര വിവരക്കേടുപറയല്ലേ ചേട്ടാ; നോംമ്പ്‌ മുടങ്ങിയാ എന്താ ദോഷംന്ന് ചേട്ടനറിയോ?" എന്താണാ ദോഷമെന്നറിയില്ലെങ്കിലും ചോദിച്ചില്ല. വീണ്ടും വിവരദോഷിയെന്ന് വിളിച്ചാലോ. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു. "ചേട്ടാ, ഒരു കാര്യം ചെയ്യോ, ഞാനുറക്കം തൂങ്ങിപ്പോകുമ്പോള്‍ ചേട്ടനെന്നെ വിളിച്ചോണ്ടിരിക്ക്വോ?"
കണ്ണിലുറക്കം വല്ലാതെ വന്നു മുട്ടുന്നുണ്ടായിട്ടും ഞാന്‍ സമ്മതിച്ചു. അവള്‍ എന്റെ ആരോഗ്യത്തിനായി കഷ്ടപ്പെടുകയണല്ലോ.
"എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കണേ എങ്ങാനുറങ്ങിപ്പോയാല്‍ നിങ്ങള്‍ക്ക്‌ തന്നെയാണേ ദോഷം"
ആ സ്വരത്തിലൊരു താക്കീതുണ്ടായിരുന്നോ?

ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്ന അവളെ ഇടക്കിടെ തട്ടിവിളിച്ചുകൊണ്ടങ്ങിനെ എത്ര നേരമിരുന്നു എന്നറിയില്ല. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ കട്ടിലില്‍നിന്നു താഴെ വീണു. ഓപ്പം എന്റെ ശ്രീമതിയുടെ ശകാരവും " ഹും, എത്ര പറഞ്ഞതാ, ഞാനുറങ്ങാതെ നോക്കണമെന്ന്. നിങ്ങളുടെ ആരോഗ്യത്തിന്‌ ഞാന്‍ നോംമ്പ്‌ നോല്‍ക്കുമ്പൊ നിങ്ങളൊറങ്ങുാ?"

എന്തായിരുന്നു സംഭവിച്ചതെന്നു പിന്നെയും വളരെക്കഴിഞ്ഞാണെനിക്ക്‌ പിടികിട്ടിയത്‌. ശ്രീമതി തന്നെ സ്നേഹത്തൊടെ പറഞ്ഞത്‌.....
" ഒറക്കം ഞെട്ടിയ ഞാന്‍ കണ്ടത്‌ നിങ്ങളിരുന്നൊറങ്ങുന്നതാ... സഹിച്ചില്ലെനിക്ക്‌.... പക്ഷെ ഒരൊറ്റച്ചവിട്ടിന്‌ ചേട്ടനിങ്ങനെ പ്ത്തോന്ന് താഴെ വീഴുംന്നു ഞാന്‍ കരുതീല്ല".
----------

പിന്‍കുറിപ്പ്‌: എന്റെ ശ്രീമതി ഈ പോസ്റ്റ്‌ ഒരിക്കലും കാണരുതേ, ന്റെ ബൂലോഗഭഗവതീ. ഒരു രണ്ടു രൂപ ഭണ്ഡാരത്തിലിടാമേ .

Sunday, July 09, 2006

നന്ദി തോഴരേ

നന്ദി തോഴരേ, നന്ദി.

പുതുപ്പെണ്ണാണ്‌. നാണത്തേക്കാള്‍ കൂടുതല്‍ പരിഭ്രമവും,പരിചയക്കുറവുമുണ്ട്‌ പുതിയ വീട്ടില്‍. ബനധുക്കളെയും വീട്ടുകാരെത്തന്നെയും മനസ്സിലാക്കി വരുന്നേയുള്ളൂ.പുതിയ വീട്ടിലെ രീതികളും, മുറികളും, സാധനങ്ങളും പരിചയിക്കാന്‍ കുറച്ചു സമയം. മുതിര്‍ന്നവര്‍ ഒരു പാടുണ്ടല്ലൊ നിറഞ്ഞ മനസ്സുമായി സഹായിക്കാന്‍. ആശ്വാസം.

വരമൊഴി തീര്‍ത്തും നവാനുഭൂതി തന്നെ. വിട്ടുപോവാനേ തൊന്നുന്നില്ല. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ?

ഒരു homecomming ആയി എന്നെ ഉള്‍കൊണ്ട പ്രിയ തോഴരേ നന്ദി. നമോവാകം.

Saturday, July 08, 2006

എവിടെയൊ മറന്നുവെച്ചുപോയ പേന

എവിടെയൊ മറന്നുവെച്ചുപോയ പേന പിന്നെയാരും തിരിച്ചു തന്നില്ല. ഇപ്പൊ അക്ഷരക്കട്ടയിലിങ്ങനെ ഒരു വിദ്യയുണ്ടെന്ന്‌ അറിയുമ്പൊ വെറുതെ വെറും വെറുതെ ........

അന്നാരായിരുന്നു കയ്യ്‌ പിടിച്ചു നടത്തിയത്‌. മനോരമയിലെ ബോബനും മോളിയുമായിരുന്നു വായനയുടെ തുടക്കം. പിന്നെ നെടുവീര്‍പ്പുകളും, ഇക്കിളികളും പൂരിതമാര്‍ന്ന തുടര്‍ക്കഥകള്‍. കോട്ടയം പുഷ്പനഥിന്റെ അപസര്‍പകങ്ങള്‍. ഒരിക്കലും സ്വന്തമയി വങ്ങാന്‍ കഴിയതിരുന്ന ആ വാരികകള്‍. എ. എസ്സിന്റെ മുഴുത്ത ചിത്രങ്ങളായിരുന്നോ യയാതി വായിച്ചുതുടങ്ങാന്‍ പ്രേരണയായത്‌?

പുറത്ത്‌ മഴപെയ്യുന്നു. പെട്ടെന്നൊരുനാള്‍ പെയ്ത വേനല്‍ മഴയില്‍ പിറ്റേന്ന് സന്ധ്യക്ക്‌ ഭൂമി പിളര്‍ന്ന് ഉരുവായ മഴപ്പാറ്റകളെയായിരുന്നു ആദ്യമായി മാത്രുഭൂമിക്ക്‌ അയച്ചു കൊടുത്തത്‌. വേദനയില്ലാത്ത കടിഞ്ഞൂല്‍ പ്രസവം. ചിലപ്പൊഴൊക്കെ ഓരൊ പത്തു രൂപ മണിയൊര്‍ഡര്‍ വരുന്നത്‌ ബാലപംക്തിയില്‍ കഥ എഴുതീട്ടാണെന്നു പറഞ്ഞപ്പൊഴാരും കഥ ചോദിച്ചില്ല. ആരും ചോദിക്കതെ തന്നെ കഥയൊരുനാള്‍ പടിയിറങ്ങിപ്പോയി. ബുദ്ധ്‌നെപ്പോലെ. തേടിയലഞ്ഞിുരുന്നു ഞാന്‍ കുറേ.