ഒന്നു വെറുതേ.......

Friday, February 29, 2008

അയോഗ്യത

കവിതാ മല്‍സരം
വിഷയം - ജാലകക്കാഴ്ച

കറതീര്‍ന്ന കവികളെല്ലാം
കിളിവാതിലൂടെ കണ്ട പുറങ്കാഴ്ചകളെക്കുറിച്ചെഴുതി.

അവനോ,
ജാലകപ്പാളികളിലെ നേര്‍ത്ത വിള്ളലിലൂടെ
അകത്തെ ഇരുട്ടിലേക്ക്‌ പാളിനോക്കി.


നിയമങ്ങള്‍ പാലിക്കാത്തതിന്‌ മല്‍സരത്തില്‍ അവന്‍ അയോഗ്യനായി.

Sunday, February 25, 2007

ഇതൊരു പഴങ്കഥ

"ഈ നെല്ലിനെന്തിനാണമ്മേ പരുപരുത്ത പുറംതോട്‌?"

അമ്മയോട്‌ ചോദിക്കണമെന്ന് കരുതിവെച്ച ചോദ്യങ്ങളിലൊന്നായിരുന്നു അതും. പക്ഷെ ചോദിച്ചില്ല ഒരിക്കലും. കാരണം അമ്മ പറയുമായിരുന്ന ഉത്തരം അവനറിയാമായിരുന്നു.
"നീയൊന്നു സൊര്യം തരുവ്വൊ ചെക്കാ?".

എന്നാലും പുത്തന്‍പുനത്തിലെ വടക്കേപ്പുറത്തെ മുറ്റത്ത്‌ അമ്മയുടെ ഇന്നലെത്തെ പണിക്കൂലിക്കായി കാത്തുനിക്കുമ്പോള്‍ അവന്‍ ആ ചോദ്യം സ്വയം ചോദിച്ചുനോക്കും.

എന്നും ഇതുപോലെ സ്കൂള്‍ വിട്ടാല്‍ കൂലി വാങ്ങാന്‍ വരണം. ഒരിടങ്ങഴി പച്ചനെല്ലാണ് കൂലി. അത്‌ അളന്നുകിട്ടാന്‍ കുറെകാത്ത്‌ നിക്കണം. സന്ധ്യക്ക് അതുമായി വീട്ടിലെത്തുമ്പോഴേക്കും വയര്‍ പൊരിയുന്നുണ്ടാവും. പശൂന് പുല്ലും വെള്ളൊം കൊടുക്കാതെ കെറുവിച്ചിരിക്കണന്ന് എന്നും കരുതും.

“നാല്‍ക്കാലിക്ക് വെള്ളം കൊടുക്കാത്ത അഹമ്മതി കാണിക്ക്വൊ നീയ്യ് ?“

കുരുമുളക് വള്ളീന്ന് പറിച്ചെടുത്ത വള്ളിത്തണ്ട് കൊണ്ട് ചന്തിക്ക് പെടച്ചാല്‍ ട്രൌസറിന്റെ താ‍ഴെ തുടയിലും ചുവന്ന കോപ്പിവരയുണ്ടാവും. അത് കൊണ്ട് കെറുവിക്കാറില്ല.

അമ്മ വയലില്‍നിന്ന് വന്നപാടെ പച്ചനെല്ല് കലത്തിലിട്ട്‌ തിളപ്പിച്ച്‌ വാപൊളിച്ച്‌ വരുന്ന സമയം അടുപ്പില്‍നിന്നിറക്കി വെള്ളമൂറ്റും. പിന്നെ മറ്റൊരു കലം അടുപ്പില്‍ ചരിച്ച്‌ വെക്കും. ഊറ്റിയെടുത്ത നെല്ല് ഒരു കുടന്ന വീതമെടുത്ത്‌ കലത്തിലിട്ട്‌ വറുക്കണം. കടിച്ചാല്‍ ടിക്‌ എന്ന് പൊട്ടുന്ന പരുവത്തില്‍ വറുത്തെ നെല്ല് ചൂട്‌ മാറിയാല്‍ ഉരലില്‍ കുത്തണം. പിന്നെ മുറത്തിലിട്ട്‌ ചേറി ഉമി കളയണം. നെടുങ്കനരി മുറത്തിലിട്ട്‌ തരിച്ചെടുക്കണം. അരിവെക്കുന്ന കലത്തിലപ്പോള്‍ അടുപ്പില്‍ വെള്ളം തിളക്കുന്നുണ്ടാവും.

“ഡാ, നീയ്യെങ്ങാനും ഇന്നും അരിവേവുമ്പോഴേക്കും ഒറങ്ങ്യാ ............”

കിണ്ണത്തിലിട്ട്‌ കഴുകിക്കൊണ്ടുവന്ന അരി അടുപ്പിലെ കലത്തിലെ തിളക്കുന്ന വെള്ളത്തിലേക്കിടുന്നത്‌ അടുക്കളപ്പടിയിലിരുന്ന് ഉറക്കം തൂങ്ങി വീഴുന്നതിന്‍ മുമ്പ്‌ കണ്ടിരുന്നതായി എന്നും അവന്‍ ഓര്‍മ്മിച്ചെടുക്കാറുണ്ട്‌.

"ചോറിന്റെ മുമ്പിന്ന് ഒറക്കം തൂങ്ങാണ്ട്‌ തിന്നെടാ"

പുറത്ത്‌ കൈപ്പലകചേ‌‌‌ര്‍ത്തൊരടി കിട്ടിയതും കിണ്ണത്തിലെ ചോറു വാരിത്തിന്നതും സ്വപ്നത്തിലായിരുന്നു എന്നാണെപ്പോഴും തോന്നാറ്‌. വയല്‍ച്ചളിയുടെ മണവും കയ്യിന്റെ പരുപരുപ്പും അമ്മയുടേതാണെന്നത് കൊണ്ടാണ് ചോറ് തിന്നത് സ്വപ്നത്തിലല്ലെന്ന് അവന്‍ വിശ്വസിക്കാറുള്ളത്.

പക്ഷെ നെറ്റിയിലാരോ തടവിയതും, കവിളില്‍ മഴത്തുള്ളി വീണതും, ഉറക്കത്തിലുണര്‍‌ത്താതെ, കരുതലോടെ, ആരൊ കെട്ടിപ്പിടിച്ചതും സ്വപ്നം തന്നെയായിരിക്കണം. അല്ലെങ്കില്‍ ഇറ്റിവീണ മഴത്തുള്ളിക്ക് ഉപ്പിക്കുന്ന ഇളം ചൂടുണ്ടാവുമായിരുന്നില്ലല്ലോ.

ഉറക്കത്തിന്റെ അതിര്‍വരമ്പിലൂടെ നടന്നുപോയ ഇന്നെലകളിലെ രാവുകളേ, ഈ നെല്ലിനിങ്ങനെ പരുപരുത്ത പുറം തോടില്ലായിരുന്നെങ്കില്‍

Sunday, October 08, 2006

എന്റെ മനസ്സ്

വഴിയോരത്തെ മുരിക്കിന്‍ കൊമ്പത്ത്
തൂങ്ങിയാടുന്നൊരെന്‍ മനസ്സ്
കാക്കയോ പരുന്തോ കൊത്തി
അന്യന്റെ കിണറ്റിലിടാതിരിക്കാന്‍
‍ഞാന്‍ കാവലിരിക്കുന്നു.

വേതാളത്തേപ്പോലെ തലകീഴായി
തൂങ്ങിയാടുന്ന മനസ്സ് ചിലപ്പോള്‍
‍യാത്രക്കാരന്റെ ചുമലിലേക്ക്
പൊട്ടിവീണ് കൂടെപ്പോകും.

വിലക്കിയിട്ടും അനാവശ്യ ചോദ്യങ്ങള്‍ക്ക്
തൃപ്തമായ ഉത്തരങ്ങള്‍ക്കായി ശാഠ്യം പിടിച്ച്
പാതയോരത്തെ പൊടിമണ്ണില്‍ കിടന്നുരുളുമ്പോള്‍
‍ഞാന്‍ വീണ്ടും മുരിക്കിന്‍ കൊമ്പില്‍ തൂക്കിയിടുന്നു.

Friday, September 15, 2006

വെറുതേ ഒരു കുറിപ്പ്

എന്നുമെന്നപോലെ എന്തിനെന്നറിയാത്ത അലക്ഷ്യയാത്രകളിലൊന്നില്‍ ഏതോ ഇടനാഴിയില്‍ നിന്നുമീ നാല്‍ക്കവലയിലേക്ക് ഞാനെടുത്തെറിയപ്പെടുകയായിരുന്നു.

ഇവിടെ ഈ നാല്‍ക്കവലയില്‍ കോട്ടകള്‍ , കൊട്ടാരങ്ങള്‍ , കൊത്തളങ്ങള്‍ . അവിടെ അലങ്കാരങ്ങള്‍ അടയാളങ്ങള്‍ , നക്ഷത്രങ്ങള്‍ , കിന്നരികള്‍ . അരങ്ങുകളിലും അണിയറകളിലും ശബ്ദരഹിതമെങ്കിലും ഹര്‍ഷാരവങ്ങള്‍ , തേങ്ങലുകള്‍ സ്വാന്ത്വനങ്ങള്‍ , വിഹ്വലതകള്‍ , കുറ്റപ്പെടുത്തലുകള്‍ , പോര്‍വിളികള്‍ ഒത്തുതീര്‍പ്പുകള്‍ .

പണ്ടെന്നോ മുതലിവിടെയുണ്ടായിരുന്നുവോ ഞാന്‍ ? അതോ ഏതോ ജന്മാന്തരങ്ങളില്‍ ഞാനിവിടെ സൌഹ്രദവും സ്വാന്ത്വനവും പങ്കുവെച്ചിരുന്നുവോ?

പുറത്ത് മഴപെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ഞാനീ ഒറ്റക്കാളവണ്ടിയുടെ കിളിവാതിലിലൂടെ കാഴ്ചകള്‍ കണ്ടിരിക്കവേ ദിപ്തമായ നീലവെളിച്ചം നീന്തിക്കടന്നു നീ വന്നു. എങ്ങുനിന്നെറിയാത്ത എത്രയോ ഊടുവഴികള്‍ വന്നുചേരുകയും എവിടേക്കെന്നറിയാതെ പിരിഞ്ഞു പലതായിപ്പൊവുകയും ചെയ്യുന്ന ഈ നാല്‍ക്കവലയിലേക്ക് .

ചിത്രശലഭം പച്ചകുത്തിയ ഇടതുകൈ ഉയര്‍ത്തിവീശി മറ്റൊരു യാത്രികനും പ്രദര്‍‌ശ്ശിപ്പിക്കാത്ത വേഷചിഹ്നങ്ങളില്‍ നീ കടന്നുവന്നപ്പോള്‍ പാതിതുറന്ന വാതില്‍പ്പഴുതിലൂടെ നിന്നെ പിന്തുടര്‍ന്ന കണ്ണുകള്‍ ഏറേയാ‍യിരുന്നു. യാത്രികര്‍ പലരും പലവട്ടം കടന്നുപോവുന്ന ഈ എണ്ണമില്ലാക്കൂട്ടപ്പെരുവഴിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഭാവഹാവാദികളോടെ, വേഷഭൂ‍ഷാദികളോടെ നീയിറങ്ങിനിന്നപ്പോള്‍ തെല്ലിട ഇവിടം മൌനത്തിന്റെ നിറസ്ഥലികളായി. ഹാരീ പോട്ടര്‍ കഥകളിലെപ്പോലെ “ആരെന്നു നമുക്കറിയുന്നവനെ” പേരു ചൊല്ലിവിളിച്ചുകൊണ്ടൂ ക്ഥാപാത്രങ്ങളെയും കാണികളെയും ഞെട്ടിച്ചു നീ .

നീ ചിരിച്ചു. കണ്ണിറുക്കി. കവലയിലെ നിന്റെ ചുമര്‍ച്ചിത്രങ്ങള്‍ക്ക് ചുറ്റും കാണികള്‍ കൂടി. കാണികള്‍ കഥാപാത്രങ്ങളും, കഥാപാത്രങ്ങള്‍ കാണികളുമായി വേഷപ്പകര്‍ച്ച ചെയ്യുന്ന നാടകങ്ങളില്‍ പിന്നെ നീയും അരങ്ങിലെത്തി. കൊണ്ടും കൊടുത്തും സൌഹ്രദങ്ങള്‍ പൂ‍ത്തുലഞ്ഞ ഈ ഇടനാഴികകളില്‍ നീയും അതിലൊരാളായി. പക്ഷെ, പിന്നെയൊരുനാള്‍ ഇവിടുത്തെ ചൊല്‍കാഴ്ച്കകളിലെ അവതാളങ്ങള്‍ നിന്നെ വേദനിപ്പിച്ചുവോ? ചൊടിപ്പിച്ചുവോ?

എന്തിന്?

ആരുടെയൊക്കെയോ ആരോ ആണെന്ന് ഉള്ളാലേ നാം അഹന്തകൊള്ളുന്നു. ആരൊക്കെയോ നമ്മെച്ചൊല്ലി കണ്ണീരൊഴുക്കണമെന്ന് നാം വ്യാമോഹിക്കുന്നു. ഒരാളുടെ അഭാവം അറിയാന്‍ മാത്രം വലുതായ ഒന്നായിരിക്കില്ല എന്ന അറിവ് നമ്മെ വ്യാകുലപ്പെടുത്തുന്നു. നാട്യങ്ങളില്ലാത്തിടത്ത് നാം നാട്യങ്ങളുടെ ബിരുദങ്ങളില്‍ അഹങ്കരിക്കുന്നു. അബോധമനസ്സിന്റെ കാമനകളുടെ ഈ നൈരന്തര്യങ്ങളെ നിരാകരിക്കാന്‍ ഇതൊന്നുമില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

ഒറ്റക്കിരുന്ന് സംസാരിക്കുകയെന്നത് എന്റെയൊരു ശീലമാണ്. പക്ഷെ അപ്പൊഴും ഞാനാരോടെങ്കിലുമായിരിക്കും സംസാരിക്കുന്നത്. മുന്നിലില്ലാത്ത ആരോടെങ്കിലും. അവിടെ ആരും വരുന്നില്ല സ്വകാര്യത വലിച്ചുകീറാന്‍ . എന്നാലോ ഞാനെന്റെ മനസ്സിനോട് മാത്രമായല്ല സംവദിക്കുന്നത്. അവിടെ കഥാപാത്രങ്ങള്‍ ഹിതകരമായതോ, പ്രതിരോധിക്കാന്‍ എളുപ്പമായതോ ആയ രീതിയില്‍ മാത്രം പ്രതികരിക്കുന്നു. കഥാപാത്രങ്ങളെല്ലാം ഞാന്‍ കരുതിയ മനോചര്യകളുമായി ഞാന്‍ തീര്‍ത്ത വഴികളില്ലൂടെ മാത്രം നടന്നു പോവും കഥ എഴുതുന്നത് ഞാനെങ്കില്‍ ‍. എന്നാല്‍ കഥ പ്രസിദ്ധീകരിക്കുന്നതോടെ കഥാപാത്രങ്ങളെയും കൊണ്ട് വായനക്കാരന്‍ നടന്നകലുന്നു. ജനിച്ച മുതലേ ഓമനിച്ച് വളര്‍ത്തിയ കന്നിനെ വിലക്ക് വാങ്ങിയ കന്നുകച്ചവടക്കാരന്‍ തെളിച്ച് കൊണ്ടൂപോകുന്നത് നോക്കിനില്‍ക്കുന്ന കര്‍ഷകനെപ്പോലെ - ആ യാത്ര അറവുശാലയിലേക്കോ, പച്ചപ്പുള്ള മറ്റൊരു മേച്ചില്‍പ്പുറത്തേക്കോ ആ‍വാം. രണ്ടായാലും ഞാന്‍ നിസ്സഹായന്‍ .

അന്ന് നീ കോറിയിട്ട ചുവരെഴുത്തുകള്‍ നിന്നോടിങ്ങിനെ കലഹിക്കുവാന്‍ പറഞ്ഞിരുന്നു. കവലയിലെ പെട്ടെന്നത്തെ ആരവങ്ങളൊടുങ്ങട്ടെയെന്ന് ഞാന്‍ കാത്തിരുന്നു. നീ വീണ്ടും പുതിയ ചുവര്‍ച്ചിത്രങ്ങളുമായി വരുമെന്ന് വ്ര്‌ഥാ മോഹിച്ചു. ഇടംകൈയ്യിലെ പച്ചകുത്തലോ, വെള്ളിയാംങ്കല്ലിലെ തുമ്പികളോ, എന്നില്‍ പ്രത്യേകിച്ച് ഒരിളക്കവും സ്ര്‌ഷ്‌ടിച്ചിരുന്നില്ലെന്ന് ഞാനാദ്യമേ നിന്നോട് പറഞ്ഞിരുന്നുവല്ലോ. സംവേദനം സാദ്ധ്യമാകുന്ന മനസ്സുകളുടെ അകലമില്ലായ്മയായിരിക്കാം നിന്നോട് കലഹിക്കണമെന്ന് തോന്നാന്‍ കാരണം. നാലുകൊല്ലം ഒരേ മുറിയില്‍ അപരിചിതരായി ജീവിക്കാന്‍ കഴിഞ്ഞു എനിക്ക് മറ്റൊരു മനുഷ്യനോടോപ്പം. ഒരിക്കലും കലഹിച്ചില്ല, പരാതിയോ, പരിഭവമോ ഉണ്ടായില്ല ആ രണ്ട് സഹമുറിയന്മാര്‍ക്കിടയില്‍ .

ഈ നാല്‍ക്കവലയിലെ ആരവങ്ങളിലൊരാളാവാന്‍ നിനക്കാവില്ലെന്ന് യാത്രാമൊഴി ചൊല്ലി ഏതോ ഊടുവഴികളിലൂടെ നടന്നകലുമ്പോഴും, നിന്റെ വര്‍‌ണ്ണങ്ങള്‍ ഏതെങ്കിലുമൊരു ചുവരില്‍ കോറിയിടാതിരിക്കില്ലെന്ന് കരുതി. നീയങ്ങിനെ പറയുകയും ചെയ്തിരുന്നു.ഒരു പക്ഷെ നിന്റെ ചിത്രശലഭം മുട്ടയിട്ട് വളര്‍ത്തിയ പുതിയ പട്ടുനൂലിനാലേ നിന്റെ വിരലുകള്‍ കെട്ടിയിട്ടുണ്ടാവാം. അല്ലെങ്കിലാ ചിത്രശലഭം നിന്നില്‍ നിന്നേ പറന്നുപോയിരിക്കാം. ‘രണ്ട് നിശ്ശബ്ദതകളുടെ നടുക്ക് സംഭവിക്കുന്ന അനാവശ്യമായ ഒരു അസ്വാസ്ഥ്യമാണ് ജീവിതം‘ എന്നാരൊ പറഞ്ഞിരുന്നുവോ? നിന്റെ നിശ്സബ്ദതയുടെ താളമെന്താണ്?

ഇപ്പൊഴീ കുറിപ്പെഴുതുന്നതെന്തിനെന്നും എനിക്ക് നിശ്ചയം പോരാ. കത്തുകളെഴുതുക എന്നത് കുട്ടിയായിരിക്കുമ്പൊഴേ ഒരു ദുശ്ശീലമായിരുന്നു. ഇതു പോലെ എന്തെന്നെനിക്കും വലിയ നിശ്ചയമില്ലാതിരുന്ന കുറെ കത്തുകള്‍ .

Friday, July 21, 2006

ഭര്‍ത്താവിന്റെ ആരോഗ്യംകല്ല്യാണം കഴിഞ്ഞതിന്‌ ശേഷം ആദ്യത്തെ തിരുവാതിരയായിരുന്നു അത്‌. ദൈവവിശ്വാസിയാണെങ്കിലും, ശയനപ്രദക്ഷിണം, ഉണ്ണാവൃതം മുതലായ കഠിന പ്രാര്‍ത്ഥനകളൊന്നും നേര്‍ച്ച പറയാറില്ല. വല്ല ഒരു രൂപയോ, രണ്ടു രൂപയോ ഭണ്ഡാരത്തിലിടാമെന്നോ മറ്റൊ ഈസ്സിയായ വല്ല നേര്‍ച്ചകളും പറഞ്ഞാല്‍ തന്നെ കാര്യം നടന്നാല്‍ പിന്നെ അടുത്ത തവണ എന്തെങ്കിലും ആവശ്യം നടക്കാനുള്ളപ്പൊള്‍ രണ്ടും കൂടി ഒന്നിച്ച്‌ കൊടുക്കാമെന്ന് മാന്യമായി കടം പറയും. പിന്നെത്തെ തവണയാവുമ്പോഴേക്കും പഴയ കടങ്ങള്‍ എത്രയുണ്ടെന്ന് ഒര്‍മ്മയില്ലാത്തത്‌ കൊണ്ട്‌ നല്ല ഒാര്‍മ്മശക്തി ഉണ്ടാവണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും.

എന്നാലെന്റെ ശ്രീമതി ഒരു കടുത്ത വിശ്വാസിയാണ്‌. ഞങ്ങളുടെ കല്ല്യാണം നടന്നാല്‍ (ഒരു ഹൈ ടെന്‍ഷന്‍ ലൈനായിരുന്നു ) ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്താമെന്ന് പുള്ളിക്കാരി നേര്‍ച്ചയിട്ടിരുന്നു. ഗുരുവായൂരില്‍ സ്ത്രീകളെ ശയനപ്രദക്ഷിണം നടത്താന്‍ അനുവദിക്കുകയില്ലെന്നും, വീട്ടിനടുത്തുള്ള ശിവന്റെ അമ്പലത്തില്‍ ആവാമെന്നും പറഞ്ഞതിനാണ്‌ അവളെന്നെ ആദ്യമായി വഴക്കുപറഞ്ഞത്‌. ഗുരുവായൂരപ്പന്റെ നേര്‍ച്ച ഗുരുവായൂരപ്പനു തന്നെ കൊടുക്കണമെന്നും, അവള്‍ക്ക്‌ പകരം ഞാന്‍ ശയനപ്രദക്ഷിണം നടത്തിയാല്‍ മതിയെന്ന് പ്രതിവിധി കണ്ടെത്തിയതും അവള്‍ തന്നെ. (ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ)

തിരുവാതിര വരുന്നതിനും വളരെ മുന്‍പെ പറഞ്ഞു തുടങ്ങിയതാണ്‌ അവളുടെ തറാവാട്ടിലെ തിരുവാതിര വിശേഷങ്ങള്‍. തിരുവാതിരവിളക്ക്‌, കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂച്ചൂടല്‍ അങ്ങിനെ, അങ്ങിനെ... ഇതൊന്നും എന്റെ നാട്ടിലില്ലോ എന്ന് ഒരല്‍പ്പം പരിഹാസത്തോടെ അവള്‍ ഖേദിച്ചു. എങ്കിലും എന്തായാലും നോമ്പെടുക്കണം എന്നവള്‍ ഉറപ്പിച്ചു.
"ഞാന്‍ നോമ്പെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കാണതിന്റെ ദോഷം".
"നീ പട്ടിണികിടന്നും, ഉറക്കൊഴിച്ചും എനിക്കായി കഷ്ടപ്പെടരുത്‌ മോളെ" ഞാന്‍.
"ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഭാര്യമാര്‍ ഇത്തിരി കഷ്ടപ്പെട്ടാലെന്താ?" അവളുടെ ന്യായം ശരിയെന്നെനിക്കും തോന്നി.

അങ്ങിനെ തിരുവാതിര വന്നു. അരി ഭക്ഷണം പാടില്ലാത്തത്‌ കൊണ്ട്‌ ചെറുപയര്‍ പുഴുങ്ങിയയതും, വറുത്ത കായ, ഈത്തപ്പഴം, തേങ്ങാപ്പൂള്‌ ഇത്യാദികള്‍ രാവിലെതന്നെ തയാറാക്കി വെച്ചു. കൈകൊട്ടിക്കളിയും, ഊഞ്ഞാലാട്ടവുമൊന്നും ഇല്ലാത്തതിനാല്‍ മോഹന്‍ലാലിന്റെ (അവളുടെ ഇഷ്ടതാരം) മൂന്ന് നാല്‌ സിഡികള്‍ കരുതി. ചിട്ടവട്ടങ്ങള്‍ കഴിവതും അവളുടെ തൃപ്തിക്കൊപ്പിച്ച്‌ ഒരുക്കിയെടുത്തു. എന്റെ ആരോഗ്യത്തിനാണല്ലോ അവള്‍ കഷ്ടപ്പെട്ട്‌ നോമ്പെടുക്കുന്നത്‌.
സന്ധ്യക്ക്‌ മുറ്റം നിറയെ തിരിവിളക്കു കത്തിച്ചു.

രാത്രി ഒരു 12 മണിയാവും മുന്‍പെ മോഹന്‍ലാലിന്റെ സിഡികളൊക്കെ കണ്ടുകഴിഞ്ഞു. എനിക്കു കുറേശ്ശ ഉറക്കം വന്നു തുടങ്ങിയെങ്കിലും പിടിച്ചിരിക്കുമ്പോള്‍ ഞാന്‍ കരുതി അവളിപ്പൊ പറയും "ചേട്ടനുറങ്ങിക്കോ. ഉറക്കൊഴിച്ച്‌ അസുഖമൊന്നും വരുത്തണ്ടാ".
പക്ഷെ ഒന്ന് മുഖം കഴുകി തിരിച്ചുവന്നിട്ടവള്‍ പറഞ്ഞു
" ചേട്ടാ ഒന്നെന്റെ കാലു തിരുമ്മിത്തരുവൊ? വല്ലാതെ കഴക്കുന്നു. ഒറക്കോം വരുന്നല്ലൊ. നിങ്ങള്‍ക്കെന്തോ ദോഷം വരാനുണ്ട്‌. അതോണ്ടാ ഇങ്ങനെ ഒറക്കം വരുന്നത്‌."
എനിക്ക്‌ വേണ്ടി കഷ്ടപ്പെടുന്ന അവളെ നോക്കി ഞാന്‍ പറഞ്ഞു
" മോളൂ, ഒറക്കം വരുന്നുണ്ടെങ്കിലൊറങ്ങാം. നമുക്കടുത്ത തവണ നോമ്പെടുക്കാം"
"എന്താ ഇത്ര വിവരക്കേടുപറയല്ലേ ചേട്ടാ; നോംമ്പ്‌ മുടങ്ങിയാ എന്താ ദോഷംന്ന് ചേട്ടനറിയോ?" എന്താണാ ദോഷമെന്നറിയില്ലെങ്കിലും ചോദിച്ചില്ല. വീണ്ടും വിവരദോഷിയെന്ന് വിളിച്ചാലോ. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു. "ചേട്ടാ, ഒരു കാര്യം ചെയ്യോ, ഞാനുറക്കം തൂങ്ങിപ്പോകുമ്പോള്‍ ചേട്ടനെന്നെ വിളിച്ചോണ്ടിരിക്ക്വോ?"
കണ്ണിലുറക്കം വല്ലാതെ വന്നു മുട്ടുന്നുണ്ടായിട്ടും ഞാന്‍ സമ്മതിച്ചു. അവള്‍ എന്റെ ആരോഗ്യത്തിനായി കഷ്ടപ്പെടുകയണല്ലോ.
"എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കണേ എങ്ങാനുറങ്ങിപ്പോയാല്‍ നിങ്ങള്‍ക്ക്‌ തന്നെയാണേ ദോഷം"
ആ സ്വരത്തിലൊരു താക്കീതുണ്ടായിരുന്നോ?

ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്ന അവളെ ഇടക്കിടെ തട്ടിവിളിച്ചുകൊണ്ടങ്ങിനെ എത്ര നേരമിരുന്നു എന്നറിയില്ല. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ കട്ടിലില്‍നിന്നു താഴെ വീണു. ഓപ്പം എന്റെ ശ്രീമതിയുടെ ശകാരവും " ഹും, എത്ര പറഞ്ഞതാ, ഞാനുറങ്ങാതെ നോക്കണമെന്ന്. നിങ്ങളുടെ ആരോഗ്യത്തിന്‌ ഞാന്‍ നോംമ്പ്‌ നോല്‍ക്കുമ്പൊ നിങ്ങളൊറങ്ങുാ?"

എന്തായിരുന്നു സംഭവിച്ചതെന്നു പിന്നെയും വളരെക്കഴിഞ്ഞാണെനിക്ക്‌ പിടികിട്ടിയത്‌. ശ്രീമതി തന്നെ സ്നേഹത്തൊടെ പറഞ്ഞത്‌.....
" ഒറക്കം ഞെട്ടിയ ഞാന്‍ കണ്ടത്‌ നിങ്ങളിരുന്നൊറങ്ങുന്നതാ... സഹിച്ചില്ലെനിക്ക്‌.... പക്ഷെ ഒരൊറ്റച്ചവിട്ടിന്‌ ചേട്ടനിങ്ങനെ പ്ത്തോന്ന് താഴെ വീഴുംന്നു ഞാന്‍ കരുതീല്ല".
----------

പിന്‍കുറിപ്പ്‌: എന്റെ ശ്രീമതി ഈ പോസ്റ്റ്‌ ഒരിക്കലും കാണരുതേ, ന്റെ ബൂലോഗഭഗവതീ. ഒരു രണ്ടു രൂപ ഭണ്ഡാരത്തിലിടാമേ .

Sunday, July 09, 2006

നന്ദി തോഴരേ

നന്ദി തോഴരേ, നന്ദി.

പുതുപ്പെണ്ണാണ്‌. നാണത്തേക്കാള്‍ കൂടുതല്‍ പരിഭ്രമവും,പരിചയക്കുറവുമുണ്ട്‌ പുതിയ വീട്ടില്‍. ബനധുക്കളെയും വീട്ടുകാരെത്തന്നെയും മനസ്സിലാക്കി വരുന്നേയുള്ളൂ.പുതിയ വീട്ടിലെ രീതികളും, മുറികളും, സാധനങ്ങളും പരിചയിക്കാന്‍ കുറച്ചു സമയം. മുതിര്‍ന്നവര്‍ ഒരു പാടുണ്ടല്ലൊ നിറഞ്ഞ മനസ്സുമായി സഹായിക്കാന്‍. ആശ്വാസം.

വരമൊഴി തീര്‍ത്തും നവാനുഭൂതി തന്നെ. വിട്ടുപോവാനേ തൊന്നുന്നില്ല. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ?

ഒരു homecomming ആയി എന്നെ ഉള്‍കൊണ്ട പ്രിയ തോഴരേ നന്ദി. നമോവാകം.

Saturday, July 08, 2006

എവിടെയൊ മറന്നുവെച്ചുപോയ പേന

എവിടെയൊ മറന്നുവെച്ചുപോയ പേന പിന്നെയാരും തിരിച്ചു തന്നില്ല. ഇപ്പൊ അക്ഷരക്കട്ടയിലിങ്ങനെ ഒരു വിദ്യയുണ്ടെന്ന്‌ അറിയുമ്പൊ വെറുതെ വെറും വെറുതെ ........

അന്നാരായിരുന്നു കയ്യ്‌ പിടിച്ചു നടത്തിയത്‌. മനോരമയിലെ ബോബനും മോളിയുമായിരുന്നു വായനയുടെ തുടക്കം. പിന്നെ നെടുവീര്‍പ്പുകളും, ഇക്കിളികളും പൂരിതമാര്‍ന്ന തുടര്‍ക്കഥകള്‍. കോട്ടയം പുഷ്പനഥിന്റെ അപസര്‍പകങ്ങള്‍. ഒരിക്കലും സ്വന്തമയി വങ്ങാന്‍ കഴിയതിരുന്ന ആ വാരികകള്‍. എ. എസ്സിന്റെ മുഴുത്ത ചിത്രങ്ങളായിരുന്നോ യയാതി വായിച്ചുതുടങ്ങാന്‍ പ്രേരണയായത്‌?

പുറത്ത്‌ മഴപെയ്യുന്നു. പെട്ടെന്നൊരുനാള്‍ പെയ്ത വേനല്‍ മഴയില്‍ പിറ്റേന്ന് സന്ധ്യക്ക്‌ ഭൂമി പിളര്‍ന്ന് ഉരുവായ മഴപ്പാറ്റകളെയായിരുന്നു ആദ്യമായി മാത്രുഭൂമിക്ക്‌ അയച്ചു കൊടുത്തത്‌. വേദനയില്ലാത്ത കടിഞ്ഞൂല്‍ പ്രസവം. ചിലപ്പൊഴൊക്കെ ഓരൊ പത്തു രൂപ മണിയൊര്‍ഡര്‍ വരുന്നത്‌ ബാലപംക്തിയില്‍ കഥ എഴുതീട്ടാണെന്നു പറഞ്ഞപ്പൊഴാരും കഥ ചോദിച്ചില്ല. ആരും ചോദിക്കതെ തന്നെ കഥയൊരുനാള്‍ പടിയിറങ്ങിപ്പോയി. ബുദ്ധ്‌നെപ്പോലെ. തേടിയലഞ്ഞിുരുന്നു ഞാന്‍ കുറേ.