ഒന്നു വെറുതേ.......

Sunday, February 25, 2007

ഇതൊരു പഴങ്കഥ

"ഈ നെല്ലിനെന്തിനാണമ്മേ പരുപരുത്ത പുറംതോട്‌?"

അമ്മയോട്‌ ചോദിക്കണമെന്ന് കരുതിവെച്ച ചോദ്യങ്ങളിലൊന്നായിരുന്നു അതും. പക്ഷെ ചോദിച്ചില്ല ഒരിക്കലും. കാരണം അമ്മ പറയുമായിരുന്ന ഉത്തരം അവനറിയാമായിരുന്നു.
"നീയൊന്നു സൊര്യം തരുവ്വൊ ചെക്കാ?".

എന്നാലും പുത്തന്‍പുനത്തിലെ വടക്കേപ്പുറത്തെ മുറ്റത്ത്‌ അമ്മയുടെ ഇന്നലെത്തെ പണിക്കൂലിക്കായി കാത്തുനിക്കുമ്പോള്‍ അവന്‍ ആ ചോദ്യം സ്വയം ചോദിച്ചുനോക്കും.

എന്നും ഇതുപോലെ സ്കൂള്‍ വിട്ടാല്‍ കൂലി വാങ്ങാന്‍ വരണം. ഒരിടങ്ങഴി പച്ചനെല്ലാണ് കൂലി. അത്‌ അളന്നുകിട്ടാന്‍ കുറെകാത്ത്‌ നിക്കണം. സന്ധ്യക്ക് അതുമായി വീട്ടിലെത്തുമ്പോഴേക്കും വയര്‍ പൊരിയുന്നുണ്ടാവും. പശൂന് പുല്ലും വെള്ളൊം കൊടുക്കാതെ കെറുവിച്ചിരിക്കണന്ന് എന്നും കരുതും.

“നാല്‍ക്കാലിക്ക് വെള്ളം കൊടുക്കാത്ത അഹമ്മതി കാണിക്ക്വൊ നീയ്യ് ?“

കുരുമുളക് വള്ളീന്ന് പറിച്ചെടുത്ത വള്ളിത്തണ്ട് കൊണ്ട് ചന്തിക്ക് പെടച്ചാല്‍ ട്രൌസറിന്റെ താ‍ഴെ തുടയിലും ചുവന്ന കോപ്പിവരയുണ്ടാവും. അത് കൊണ്ട് കെറുവിക്കാറില്ല.

അമ്മ വയലില്‍നിന്ന് വന്നപാടെ പച്ചനെല്ല് കലത്തിലിട്ട്‌ തിളപ്പിച്ച്‌ വാപൊളിച്ച്‌ വരുന്ന സമയം അടുപ്പില്‍നിന്നിറക്കി വെള്ളമൂറ്റും. പിന്നെ മറ്റൊരു കലം അടുപ്പില്‍ ചരിച്ച്‌ വെക്കും. ഊറ്റിയെടുത്ത നെല്ല് ഒരു കുടന്ന വീതമെടുത്ത്‌ കലത്തിലിട്ട്‌ വറുക്കണം. കടിച്ചാല്‍ ടിക്‌ എന്ന് പൊട്ടുന്ന പരുവത്തില്‍ വറുത്തെ നെല്ല് ചൂട്‌ മാറിയാല്‍ ഉരലില്‍ കുത്തണം. പിന്നെ മുറത്തിലിട്ട്‌ ചേറി ഉമി കളയണം. നെടുങ്കനരി മുറത്തിലിട്ട്‌ തരിച്ചെടുക്കണം. അരിവെക്കുന്ന കലത്തിലപ്പോള്‍ അടുപ്പില്‍ വെള്ളം തിളക്കുന്നുണ്ടാവും.

“ഡാ, നീയ്യെങ്ങാനും ഇന്നും അരിവേവുമ്പോഴേക്കും ഒറങ്ങ്യാ ............”

കിണ്ണത്തിലിട്ട്‌ കഴുകിക്കൊണ്ടുവന്ന അരി അടുപ്പിലെ കലത്തിലെ തിളക്കുന്ന വെള്ളത്തിലേക്കിടുന്നത്‌ അടുക്കളപ്പടിയിലിരുന്ന് ഉറക്കം തൂങ്ങി വീഴുന്നതിന്‍ മുമ്പ്‌ കണ്ടിരുന്നതായി എന്നും അവന്‍ ഓര്‍മ്മിച്ചെടുക്കാറുണ്ട്‌.

"ചോറിന്റെ മുമ്പിന്ന് ഒറക്കം തൂങ്ങാണ്ട്‌ തിന്നെടാ"

പുറത്ത്‌ കൈപ്പലകചേ‌‌‌ര്‍ത്തൊരടി കിട്ടിയതും കിണ്ണത്തിലെ ചോറു വാരിത്തിന്നതും സ്വപ്നത്തിലായിരുന്നു എന്നാണെപ്പോഴും തോന്നാറ്‌. വയല്‍ച്ചളിയുടെ മണവും കയ്യിന്റെ പരുപരുപ്പും അമ്മയുടേതാണെന്നത് കൊണ്ടാണ് ചോറ് തിന്നത് സ്വപ്നത്തിലല്ലെന്ന് അവന്‍ വിശ്വസിക്കാറുള്ളത്.

പക്ഷെ നെറ്റിയിലാരോ തടവിയതും, കവിളില്‍ മഴത്തുള്ളി വീണതും, ഉറക്കത്തിലുണര്‍‌ത്താതെ, കരുതലോടെ, ആരൊ കെട്ടിപ്പിടിച്ചതും സ്വപ്നം തന്നെയായിരിക്കണം. അല്ലെങ്കില്‍ ഇറ്റിവീണ മഴത്തുള്ളിക്ക് ഉപ്പിക്കുന്ന ഇളം ചൂടുണ്ടാവുമായിരുന്നില്ലല്ലോ.

ഉറക്കത്തിന്റെ അതിര്‍വരമ്പിലൂടെ നടന്നുപോയ ഇന്നെലകളിലെ രാവുകളേ, ഈ നെല്ലിനിങ്ങനെ പരുപരുത്ത പുറം തോടില്ലായിരുന്നെങ്കില്‍

6 അഭിപ്രായങ്ങള്‍ :

  • ഉറക്കത്തിന്റെ അതിര്‍വരമ്പിലൂടെ നടന്നുപോയ ഇന്നെലകളിലെ രാവുകളേ, ഈ നെല്ലിനിങ്ങനെ പരുപരുത്ത പുറം തോടില്ലായിരുന്നെങ്കില്‍

    By Blogger വളയം, at February 25, 2007 8:03 am  

  • നെല്ലിന്റെ പരുത്ത പുറന്തോട്, മുത്തുച്ചിപ്പിയുടെ തോട്, ഇളനീര്....
    നല്ല പോസ്റ്റ്... എഴുതിത്തെളിയട്ടെ കൂട്ടുകാരാ‍..
    ഭാവുകങ്ങള്‍

    By Blogger സനോജ് കിഴക്കേടം, at February 26, 2007 12:56 am  

  • അത്തിക്കുറിശിയുടെ കമന്റു കണ്ടാ ഇവിടെ കയറിയത്. വളരെ നന്നായി എഴുതിയിരിക്കുന്നു വളയും. ഈയിടേയായി ഒന്നും എഴുതാറില്ലല്ലോ. ഇനിയും എഴുതണം.

    By Blogger കുറുമാന്‍, at March 21, 2007 5:14 am  

  • സുഹൃത്തേ, നന്നായിരിക്കുന്നു.

    By Blogger മനോജ് കുമാർ വട്ടക്കാട്ട്, at March 21, 2007 5:50 am  

  • സുഹ്രുത്തേ,
    ഞാന്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ ബ്ലൊഗ് തുടങിയിട്ടുണ്‍ട്.ദയവായി സന്ദര്‍ശിക്കുമല്ലോ....
    അനുരാജ്.കെ.ആര്‍
    തേജസ് ദിനപ്പത്രം
    www.cartoonmal.blogspot.com

    By Blogger Anuraj, at July 08, 2007 7:01 am  

  • nannayi kutty Nallinte PuramTholiKaduppmankkilum AkathSnehthil Chalicha Paloorunnund
    Best Wihes Nissar panthavoor

    By Blogger കിനാവ്, at May 01, 2010 2:20 am  

Post a Comment

<< Home